More servicesWindows Live
HomeHotmailSpacesOneCare
 
MSN
Sign in
 
 
Spaces home  ബെന്നിPhotosProfileFriendsMore Tools Explore the Spaces community

ബെന്നി

മലയാളികള്‍ക്ക് മാത്രം സ്വാഗതം!
January, 2006

പച്ചയില്‍ കത്തുന്ന ചില്ലക്ഷരങ്ങളാല്‍

വടകര മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്ന പവിത്രന്‍ തീക്കുനിയുടെ മുഖചിത്രവുമായി കഴിഞ്ഞവര്‍ഷമൊരു കലാകൌമുദി ഇറങ്ങിയത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവണം. കവര്‍സ്റ്റോറിയായാണ് പവിത്രനുമായുള്ള അഭിമുഖം, കലാകൌമുദി പ്രസിദ്ധീകരിച്ചത്. പവിത്രന്റെ ജീവിതവീക്ഷണത്തോട് യോജിച്ചും വിയോജിച്ചും കുറേപ്പേര്‍ കവിക്ക് നേരിട്ട് കത്തെഴുതിയെത്രെ. ഈ പ്രതികരണങ്ങളില്‍ വികാരതരളിതനായ പവിത്രന്‍, കലാകൌമുദിക്കെഴുതിയ കത്ത് ഒരു ചരിത്ര സംഭവമാണ്.

ഒരു നാവും ഒരു നട്ടെല്ലുമുള്ള പവിത്രന്‍, (അങ്ങിനെയാണ് കവി സ്വയം പരിചയപ്പെടുത്തുന്നത്!) ഏഷ്യാനെറ്റില്‍ കണ്ണാടി അവതരിപ്പിക്കുന്ന താടിക്കാരനെ തലക്കിട്ടു കൊട്ടിക്കൊണ്ടാണ് കത്തു തുടങ്ങുന്നത്. കലാകൌമുദിയില്‍ പവിത്രനെ പരിഹസിച്ചുകൊണ്ട് താടിക്കാരനെഴുതിയ ലേഖനത്തിനുള്ള മറുപടിയാണ് ഈ തലക്കിട്ടു കൊട്ടല്‍. ഹരോള്‍ഡ് പിന്റര്‍ മരിക്കാന്‍ കിടക്കുമ്പോള്‍ പവിത്രനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്ന ചരിത്ര മുഹൂര്‍ത്തമാണ് അടുത്ത പാരഗ്രാഫില്‍. ഹരോള്‍ഡ് പിന്ററെന്ന് ഉദ്ദേശിച്ചത് കവി (?) പിന്റോയെയാണ്. പവിത്രന്‍ തൊട്ടിലില്‍ ഇട്ടാട്ടുമ്പോള്‍ പേര് മാറിപ്പോയതാണേ!

പൂജപ്പുര സെണ്ട്രല്‍ ജയിലിലെ തടവുകാരായ ഷിബുവും രാജുവും അവരുടെ വേതനത്തില്‍ നിന്ന് ഒരു പങ്ക് പവിത്രന് വാഗ്ദാനം ചെയ്ത അസുലഭ സന്ദര്‍ഭത്തെപ്പറ്റിയാണ് മൂന്നാം പാരഗ്രാഫ്. സ്നേഹം മാത്രമാണ് കാംക്ഷിക്കുന്നതെന്ന്, നെഞ്ചുപൊട്ടിക്കൊണ്ട് പവിത്രന്‍ അവരെ അറിയിച്ച കഥയും ഈ പാരഗ്രാഫ് പറയുന്നു.

ഇത്രടം വരെ ശ്വാസമടക്കിപ്പിടിച്ച് വായിച്ച എന്റെ ശ്വാസം മുകളിലേക്ക് വലിക്കുന്നതായി കത്തിന്റെ അവസാന ഭാഗം. കലാകൌമുദിയിലെ കവര്‍സ്റ്റോറി വായിച്ച് പ്രതികരണങ്ങള്‍ അറിയിച്ച വായനക്കാരോടുള്ള നിസ്സീമമായ നന്ദി രേഖപ്പെടുത്താന്‍ പവിത്രന്‍ ‘രചിച്ച’ രണ്ടുവരിക്കവിതയാണ് എന്റെ ശ്വാസം മുകളിലേക്ക് വലിച്ചത്!

“പച്ചയില്‍ കത്തുന്ന ചില്ലക്ഷരങ്ങളാല്‍
പകര്‍ത്തി വെയ്ക്കുന്നു ഞാനെന്റെ ജീവിതം“

പച്ചനിറത്തില്‍ കത്തുന്ന (അല്ലെങ്കില്‍ പച്ചയ്ക്ക് കത്തുന്നതോ?!) ചില്ലക്ഷരങ്ങള്‍ ഉപയോഗിച്ചാണെത്രെ പവിത്രന്‍ ജീവിതം പകര്‍ത്തിവെക്കുന്നത്. ന്‍, ണ്‍, ല്‍, ള്‍, ര്‍ എന്നീ ചില്ലക്ഷരങ്ങള്‍ പച്ചയ്ക്ക് കത്തിച്ച് (അല്ലെങ്കില്‍ പച്ച നിറത്തില്‍ കത്തിച്ച്)  എന്തു ജീവിതചരിത്രമാണാവോ പവിത്രന്‍ പകര്‍ത്തിവെക്കുന്നത്?

ചില്ലക്ഷരങ്ങളെ മെരുക്കാന്‍ തോട്ടിയുമായി നടക്കുന്ന യൂണിക്കോഡ് കൂട്ടുകാരേ, സംഭവത്തിന്റെ ഗുട്ടന്‍സ് വല്ലതും പിടികിട്ടിയോ? പൊട്ടനായതുകൊണ്ടാവും എനിക്കൊന്നും മനസ്സിലായില്ല.
November, 2005

വരമൊഴിയെ മെരുക്കാന്‍ ഒരു കൈ സഹായിക്കൂ

സുഹൃത്തുക്കളേ, എനിക്ക് അടിയന്തിരമായി സഹായം ആവശ്യമുണ്ട്. മൈക്രോസോഫ്റ്റിന്‍റെ ഒരു ടൂള്‍ ഉപയോഗിച്ചാണ് ഞാന്‍ യൂണിക്കോഡ് ടൈപ്പ് ചെയ്യുന്നത്. നിങ്ങളില്‍ പലരും യൂണിക്കോഡ് ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്നത് വരമൊഴിയല്ലേ? പക്ഷേ, വരമൊഴിയില്‍ നിന്ന് യൂണിക്കോഡിലേക്ക് എക്സ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചില്ലക്ഷരങ്ങള്‍ എല്ലാം ബോക്സുകളാവുന്നു. എന്തുകൊണ്ടാണിങ്ങനെ?

വരമൊഴി ഉപയോഗിച്ച് എനിക്കു ചില്ലറ ജോലികളുണ്ട്. മൈക്രോസോഫ്റ്റിന്‍റെ ടൂള്‍ എനിക്കീ ജോലിക്ക് ഉപയോഗിച്ചു കൂടാ. (വിശദമായി പിന്നെ പറയാം.) വിന്‍ഡോസ് എക്സ്പിയിലാണ് ഞാനീ ജോലി ചെയ്യേണ്ടത്. എസ്പി2 പാക്കും ഉണ്ടായിരിക്കും. മലയാളം IMEയെ വിശ്വസിക്കാന്‍ കൊള്ളില്ല. തോന്നിയ നിലയ്ക്കാണ് അതിന്‍റെ പ്രവര്‍ത്തനം.
 
എനിക്കേല്‍പ്പിച്ചിട്ടുള്ള ജോലി ചെയ്യാന്‍ വരമൊഴി മാത്രമാണ് ശരണം. എന്നാല്‍ വരമൊഴിയിലെ ചില്ലക്ഷര പ്രശ്നം എന്നെ വലയ്ക്കുന്നു. വരമൊഴി FAQവില്‍ പോയി, അവിടെ പറഞ്ഞിരിക്കുന്ന പോലെയൊക്കെ ചെയ്തു. എന്നിട്ടും വരമൊഴി വഴങ്ങുന്നില്ല.  വരമൊഴിയിലെ ചില്ലക്ഷര പ്രശ്നം പരിഹരിക്കാന്‍ ആരെങ്കിലുമൊന്നു സഹായിക്കൂ. (Please mail me at benny@webdunia.com)

അനുബന്ധം 1

സഹായം കിട്ടി. പെരിങ്ങോടരുടെ മൊഴി കീമാപ്പ് എന്റെ രക്ഷക്കെത്തി. മൊഴി ഉപയോഗിച്ചാണ് ഞാനീ അനുബന്ധം ടൈപ്പ് ചെയ്യുന്നത്. ഇപ്പോള്‍ യൂണീക്കോഡ് ടൈപ്പ് ചെയ്യല്‍ എത്രയോ എളുപ്പമായി! സഹായിച്ച പെരിങ്ങോടര്‍ക്കും അനില്‍കുമാറിനും റോക്സിക്കും നന്ദി!

അനുബന്ധം 2

അപ്പോള്‍ സിബ്വോ, വരമൊഴിയും മെരുങ്ങി. സിബു പറഞ്ഞ ലൊക്കേഷനില്‍ നിന്ന് വരമൊഴി ഡൌണ്‍‌ലോഡ് ചെയ്തു. അപ്പോഴും പ്രശ്നം തന്നെ. അവസാനം മെഷീനൊന്നു ഷട്ട്‌ഡൌണ്‍ ചെയ്തു റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ദാ എല്ലാം ശരിയായി. ഇപ്പോള്‍ വരമൊഴി അസ്സലായി ചില്ലക്ഷരം റെന്‍‌ഡര്‍ ചെയ്യുന്നു.
November, 2005

പട്ടുനൂലുകളാകുന്ന പഴയപാട്ടുകള്‍

പഴയ പാട്ടുകള്‍ പാട്ടുകളല്ല, പകരം പട്ടുനൂലുകളാണ്. (പൊട്ടാത്ത പൊന്നിന്‍ കിനാവുകൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടട്ടെ ഞാന്‍!) വരികളുടെ അര്‍ത്ഥഭംഗിയും സംഗീതത്തിന്‍റെ മാധുര്യവും പാടുന്നയാളുടെ പ്രതിഭാവിലാസവുമെല്ലാം നല്ല പാട്ടിന്‍റെ ഘടകാംശങ്ങള്‍ തന്നെ. എന്നാല്‍ ഇവയ്ക്കെല്ലാം ഉപരിയായി, ഏതൊക്കെയോ അനുഭവങ്ങളുടെ ഓര്‍മ്മകളിലേക്ക് നമ്മെ പിന്നോട്ട് വലിച്ചിഴയ്ക്കുന്ന പട്ടുനൂലുകളാണ് പഴയ പാട്ടുകള്‍. വയസ്സേറും തോറും പഴയപാട്ടുകളോടുള്ള കൂടി വരുന്നു, ഒപ്പം പട്ടുനൂലിന്‍റെ ശക്തിയും.

ജെയ്സിയുടെ (എന്‍റെ ഭാര്യയുടെ) ഇഷ്ടഗാനപട്ടികയില്‍ ഞാനിഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന പാട്ടുകളുടെ അവസ്ഥ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. മിക്കപ്പോഴും ഏറ്റവും താഴെയാണ് അവയുടെ സ്ഥാനം. "സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍" എന്ന പാട്ടിനേക്കാളും അവളെ സ്വാധീനിച്ചിട്ടുള്ളത് "എന്നോടെന്തിനീ പിണക്കം, എന്തിനാണെന്നോട് പരിഭവം" എന്ന പാട്ടാണ് എന്നത് എനിക്ക് ഇപ്പോഴും മനസ്സിലാവാത്ത കാര്യമാണ്. "എന്നോടെന്തിനീ പിണക്കം' എന്നു പാടുമ്പോള്‍ എന്തൊക്കെയോ ഓര്‍മ്മകള്‍ അവളിലേക്ക് ഇരച്ചു കയറുന്നുണ്ടാവണം.
 

"ഹര്‍ഷബാഷ്പം തൂകി, വര്‍ഷപഞ്ചമി വന്നു, ഇന്ദുമുഖീ ഇന്നുരാത്രി എന്തു ചെയ്‌വൂ നീ" എന്ന് ഞാന്‍ മൂളുമ്പോള്‍ "ഒരു നറുപുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴിമുന" ആരുടേതാവാം എന്ന് ചിന്തിക്കയാണവള്‍‍! കഥകളി സംഗീതത്തെ പിന്‍‌പറ്റുന്ന "പ്രിയമാനസാ നീ വാ" എന്ന ചിലമ്പൊലിയിലെ ആ ഗാനം എന്നെ ഉള്‍പ്പുളകം അണിയിക്കുമ്പോള്‍ " ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കുനീട്ടിയില്ല" എന്ന് പാടാനാണ് അവള്‍ക്കിഷ്ടം.

അന്തരിച്ച ഗായിക പി. ലീലയെപ്പറ്റി, ശ്രീകുമാരന്‍ തമ്പിയും രവീമേനോനും എഴുതിയ ലേഖനങ്ങള്‍ ഇത്തവണത്തെ കലാകൌമുദിയിലുണ്ട്. ഇവ വായിച്ചപ്പോള്‍, പഴയപാട്ടുകള്‍ ഉണ്ടാക്കുന്ന ആനന്ദാതിരേകത്തെ (?!) പറ്റിയാണ് ഞാന്‍ ചിന്തിച്ചത്. ഓര്‍മ്മയുടെ മുങ്ങാക്കയങ്ങളില്‍ നിന്ന്, വൈകാരികാനുഭൂതി ഉണ്ടാക്കുന്ന എന്തൊക്കെയോ ആണ് പഴയപാട്ടുകള്‍ മുങ്ങിത്തപ്പി കൊണ്ടുവരുന്നത്.

സ്കൂള്‍ പൂട്ടിന് (ഇതിന് വെക്കേഷന്‍ എന്ന പേരു വന്നത് ഈയടുത്താണ്) അമ്മയുടെ വീട്ടില്‍ പോവുമ്പോള്‍ അവിടെയൊരു സുഹൃദ് സംഘം എനിക്കുണ്ടായിരുന്നു. എന്‍റെയതേ പ്രായമുള്ള സുനിത, അല്‍പ്പം പ്രായക്കൂടുതലുള്ള ഷീബ, വിഷ്ണു, ഞങ്ങളേക്കാളൊക്കെ ഇളയതായ മനോഹരന്‍ എന്നിവര്‍. സുനിതയുടെ വീട്ടിലന്ന് രണ്ടോ മൂന്നോ ആടുകളുണ്ട്. അവളും കൂട്ടുകാരും ആടിനെ മേയ്ക്കാന്‍ പോവുമ്പോള്‍ ഞാനും കൂടും. ഉച്ചതിരിഞ്ഞ് എല്ലാവരും പുഴയിലിറങ്ങും, നീന്തിത്തിമര്‍ക്കും.

എന്‍റെ സങ്കല്‍പ്പത്തില്‍ സുനിതയായിരുന്നു എന്‍റെ ഭാവി വധു. (ഇതെപ്പറ്റി പറഞ്ഞു ഞങ്ങളിപ്പോഴും ചിരിക്കാറുണ്ട്, ചിരിച്ചു തള്ളേണ്ടുന്ന വിഷയമല്ലെന്ന് ഉള്ളിലോര്‍ത്തിട്ടും!) അക്കാലത്തെ ഹിറ്റ് ഗാനങ്ങളെല്ലാം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേതായിരുന്നു. എന്‍റെ പഴയ ആ പ്രണയപ്പൂക്കാലത്തിന്‍റെ ഓര്‍മ്മകളിലേക്കാണ് "മിഴിയോരം നനഞ്ഞൊഴുകും" "മഞ്ഞണിക്കൊമ്പില്‍" എന്നീ പാട്ടുകള്‍ പില്‍ക്കാലത്ത് എന്നെ നയിച്ചത്, ഇപ്പോഴും അങ്ങിനെ തന്നെ.

മദിരാശിയില്‍ ഇടക്കാലത്ത് ഇംഗ്ലീഷ് വാധ്യാരായി ഞാന്‍ ജോലി നോക്കിയിരുന്നു, ആയിടെ ഹയര്‍സെക്കണ്ടറി സ്കൂളായി സ്ഥാനക്കയറ്റം കിട്ടിയ സായി മെട്രിക്കുലേഷന്‍ സ്കൂളില്‍. കെമിസ്ട്രി എടുത്തിരുന്ന ഗൌരവ പ്രകൃതിക്കാരിയായ ഒരു പ്രഭാവതി ടീച്ചറുമായി, കാലാന്തരത്തില്‍ ഞാന്‍ പ്ലാറ്റോണിക് പ്രണയത്തില്‍ ഏര്‍പ്പെട്ടു. നന്നായി പാടുമായിരുന്ന, വായിക്കുമായിരുന്ന ആ പ്രഭാവതി ഇപ്പോള്‍ എവിടെയാണാവോ? സ്കൂള്‍ വിടാന്‍ നേരം പ്രഭാവതിയുടെ അപ്പാ എത്തും. പ്രഭാവതിയും ഞാനും കണ്ണുകള്‍ കൊണ്ട് യാത്ര പറയും. സ്കൂട്ടറില്‍ അപ്പായും മകളും പോവും. ഞങ്ങള്‍ക്കൊന്ന് ഹൃദയം തുറക്കാന്‍ അവസരം കിട്ടിയതേയില്ല.

അവസാനം കൊല്ലപ്പരീക്ഷ വന്നു. ആകെ നാല് പത്താം ക്ലാസ്സു വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ ഉണ്ടായിരുന്നത്. അതിനാല്‍ ഞങ്ങളുടെ സ്കൂളിന് പരീക്ഷാകേന്ദ്രമെന്ന പദവി കിട്ടിയില്ല. അപ്പോള്‍ കുട്ടികളെ ഏറ്റവുമടുത്ത പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ച് പരീക്ഷയെഴുതിക്കേണ്ടതായി വന്നു. കുട്ടികളെ പരീക്ഷക്ക് കൊണ്ടുപോവേണ്ടതും തിരിച്ചുകൊണ്ടുവരേണ്ടതും പ്രഭാവതിയുടെയും എന്‍റെയും ചുമതലയായി പ്രിന്‍സിപ്പല്‍ പ്രഖ്യാപിച്ചു.

ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ കുട്ടികള്‍ പരീക്ഷാഹാളില്‍ വിയര്‍ത്തൊലിക്കുമ്പോള്‍, പ്രഭാവതിയും ഞാനും മുട്ടിയുരുമ്മിയിരുന്ന് സംസാരിച്ചു, ലോകത്തിലുള്ള സകലതിനെ പറ്റിയും! ജന്‍റില്‍ മേനിലെ ആ സുന്ദരഗാനത്തിലെപ്പോലെ "എന്‍ വീട്ടു തോട്ടത്തില്‍ പൂവെല്ലാം കേട്ടുപ്പാര്‍, എന്‍ വീട്ടു ജന്നല്‍ കമ്പിയെല്ലാമെ കേട്ടുപ്പാര്‍" എന്ന് പ്രഭാവതി എന്നോടു ആവശ്യപ്പെട്ടിരിക്കില്ല. എങ്കിലും, പ്രഭാവതിയിലേക്കും സായി മെട്രിക്കുലേഷനിലേക്കും ഉള്ള പാസ്സ്‌വേഡാണ് എനിക്കാ പാട്ട്.

"എന്‍റെ മണ്‍‌വീണയില്‍ കൂടണയാനൊരു മൌനം പറന്നു പറന്നു വന്നു" എന്ന് ജെയ്സി മൂളുമ്പോള്‍ എനിക്കവളോടുള്ള സ്നേഹം കൂടുന്നു, അവളുടെ മനസ്സിനെയും ഓര്‍മ്മകള്‍ മഥിക്കുന്നുവല്ലോ എന്നോര്‍ക്കുമ്പോള്‍ അഭിമാനവും. കാരണം "ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍ എത്തുന്ന മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍" നില്‍പ്പാണല്ലോ ഞാന്‍.

November, 2005

ഭ്രാന്തു മൂത്താല്‍

ലോക്കലൈസേഷന്‍ ഭ്രാന്തുമൂത്തു കവിതയും മൊഴിമാറ്റം ചെയ്യാന്‍ ഒരുങ്ങിയതാണേ! പെരിങ്ങോടന്‍റെ ബ്ലോഗില്‍ നിന്ന് ഉമേഷിന്‍റേതിലേക്ക് ചാടിക്കയറിയപ്പോള്‍, സുജാത എന്നു പേരായ പെണ്‍കുട്ടി രചിച്ചതാണെന്ന കുറിപ്പുമായി കിടന്നിരുന്നതാണ് താഴെ കൊടുത്തിരിക്കുന്ന വരികള്‍. അതിന് താഴെയുള്ളത് ഉമേഷിന്‍റെ മൊഴിമാറ്റം. അതിനും താഴെയുള്ളത് എന്‍റേതും.

The music of silence
Entered my heart
And made seven holes
To make it a flute

ഈ നിശ്ശബ്ദത - ഉണ്ടിതിന്നൊരു നറും സംഗീതം - ഇന്നെന്റെയീ
ഗാനത്തിന്നു വിതുമ്പി നിന്ന ഹൃദയം തന്നില്‍ക്കടന്നിട്ടിതാ
ഞാനോരാതെ, യതിന്റെയുള്ളിലതുലം ദ്വാരങ്ങളേഴെണ്ണമി-
ട്ടാനന്ദാമൃതമേകിടുന്ന മുരളീനാദത്തെയുണ്ടാക്കി ഹാ!

മൂകത മീട്ടും ഗീതം
വന്നുതൊട്ടപ്പോളുള്ളം
അത്ഭുതം, സപ്തദ്വാര
മേളിതം കുഴലായി!

"മേളിതം" എന്ന എന്‍റെ പ്രയോഗത്തിന് സാധുത ഉണ്ടോ എന്ന് അറിയില്ല. "മേളിക്കുക" എന്നാല്‍ "ചേരുക" എന്നാണ് ഒരു അര്‍ത്ഥം. "മേള" എന്നാല്‍ "ചേരല്‍" എന്നും. അപ്പോള്‍ "മേളിതം" എന്നാല്‍ "ചേര്‍ന്നുള്ള" എന്ന അര്‍ത്ഥം കിട്ടുമെന്നുള്ള വിചാരമാണ് എന്‍റെ യുക്തി. ഉമേഷ് ഇതൊന്നു വിശദീകരിക്കുമോ, അല്ലെങ്കില്‍ മറ്റാരെങ്കിലും?

ആരാണ് സുജാത? സുജാതാദേവി, ദേവി എന്നീ പേരുകളില്‍ രണ്ട് കവയത്രികള്‍ നമുക്കുണ്ട്. ഉമേഷ് പറയുന്ന സുജാതയെപ്പറ്റി ഞാന്‍ കേട്ടിട്ടില്ല. ഇക്കുട്ടി മരിച്ചു പോയെന്നും ഉമേഷ് എഴുതിയിരിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ എഴുതിയിരുന്ന ഈ സുജാതയെപ്പറ്റിയുള്ള വിവരം ആരുടെയെങ്കിലും പക്കലുണ്ടോ?

October, 2005

ഭാഷാതല്‍പ്പരര്‍ക്ക് ജോലിസാധ്യത

നൌകരിയിലും മോണ്‍സ്റ്ററിലും "ഇരകളെ" കിട്ടാതാവുമ്പോള്‍, കമ്പനികള്‍ക്ക് ദൈവം തമ്പുരാന്‍ തന്നെ ശരണം. ഹൈ എന്‍ഡ് പ്രോഗ്രാമിംഗും ക്രിയേറ്റീവ് ഡിസൈനിംഗും തൊട്ട് പാട്ടെഴുതാന്‍ വരെയുള്ള സകല ഗുലുമാല്‍ ജോലികള്‍ക്കും വേണ്ട റസ്യൂമെകള്‍ ജോബ് സൈറ്റുകളിലുണ്ട്. എന്നാല്‍ "water water everywhere, but, not a drop to drink at all" (വെള്ളം വെള്ളം സര്‍‌വ്വത്ര, തുള്ളി കുടിക്കാനില്ലെത്രെ എന്ന് ലോക്കലൈസേഷന്‍!) എന്നു പറഞ്ഞ പോലെയാണ് പല കമ്പനികളും, പ്രത്യേകിച്ച് ലാംഗ്വേജ് കമ്പ്യൂട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവ.

ലിനക്സിന്‍റെയും വിന്‍ഡോസ് എക്സ്പിയുടെയും മലയാളം പതിപ്പുകള്‍ അടുത്തുതന്നെ വിപണിയില്‍ ലഭ്യമാവും. (ലിനക്സ്, മലയാളം പതിപ്പ് ഇറക്കിക്കഴിഞ്ഞോ?) അവ എത്തിയാല്‍? കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മോണിറ്ററില്‍ തെളിയുന്നത് മലയാളമായിരിക്കും. എന്തിനും ഏതിനും കമ്പ്യൂട്ടറില്‍ മലയാളം എന്ന അവസ്ഥ. നമ്മളിത് അസ്സലായി പരിചയിച്ചു എന്നിരിക്കട്ടെ. ഇംഗ്ലീഷ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ നമ്മള്‍ വെറുത്തുപോവില്ലേ? അല്ലെങ്കില്‍ അവഗണിക്കില്ലേ? കേരളാ ബ്ലോഗ് റോളില്‍ കയറി, മലയാളം മാത്രം തെരഞ്ഞു പിടിച്ചു വായിക്കുന്നവരെ എനിക്കറിയാം. ഇംഗ്ലീഷ് വായിച്ചാല്‍ മനസ്സിലാകാത്തത് കൊണ്ടല്ല അവരിതു ചെയ്യുന്നത്. അവരുടെ ശീലമാണ് ഇവിടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

അപ്പോള്‍, മലയാളം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ നിലവില്‍ വന്നാല്‍, മലയാളികള്‍ അവഗണിച്ചേക്കാവുന്ന സോഫ്റ്റ്‌വെയറുകള്‍ നിരവധിയുണ്ട്. ഇവ നിര്‍മ്മിക്കുന്ന കമ്പനികള്‍ സ്വാഭാവികമായി എന്താണു ചെയ്യുക? ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നും! ഇവരും, നിര്‍മ്മിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ക്ക് മലയാളം പതിപ്പിറക്കാന്‍ തുടങ്ങും. ചില കമ്പനികള്‍ ഓടുന്ന നായയ്ക്ക് ഒരുമുഴം മുമ്പേ നീട്ടിയെറിയും. മലയാളം ഓപ്പറേറ്റിംഗ് സിസ്റ്റം വരും മുമ്പേ, ഇങ്ങിനെയുള്ള കമ്പനികള്‍ അവരുടെ സോഫ്റ്റ്‌വെയറുകള്‍ക്ക് മലയാളം പതിപ്പിറക്കും.

ഞാന്‍ ജോലി ചെയ്യുന്ന കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സോഫ്റ്റ്‌വെയറുകള്‍ക്ക് ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ ഇറക്കുന്നതിലാണ്. മൊബൈല്‍, പിഡിഎ, പാം, കമ്പ്യൂട്ടര്‍ എന്നിവയുടെയൊക്കെ ആപ്ലിക്കേഷനുകള്‍ (പ്രയോഗങ്ങള്‍) ഇന്ത്യന്‍ ഭാഷകളിലേക്ക് ലോക്കലൈസ് (പ്രാദേശികവല്‍ക്കരണം) ചെയ്യലാണ് ജോലി. ഒപ്പം മൊബൈല്‍ പോലുള്ള ഉപകരണങ്ങള്‍ക്കും സോഫ്റ്റ്‌വെയറുകള്‍ക്കും ഒപ്പം വരുന്ന യൂസര്‍ ഗൈഡുകള്‍ (ഉപയോക്തൃ സഹായികള്‍) മൊഴിമാറ്റം ചെയ്യലും.

ലോക്കലൈസേഷനെന്ന പദത്തിന് മൊഴിമാറ്റം എന്ന അര്‍ത്ഥം പലരും കൊടുത്തു കണ്ടിട്ടുണ്ട്. അതു ശരിയാണെന്ന് തോന്നുന്നില്ല, പകരം, മൊഴിമാറ്റവും ഉള്‍പ്പെടുന്ന ഒരു പ്രോസസ്സ് (പ്രക്രിയ) ആണത്. പ്രാദേശിക ഭാഷയില്‍, സ്പെല്‍ ചെക്കറും (ലിപി പരിശോധനോപാധി) ഗ്രാമര്‍ ചെക്കറും (വ്യാകരണ പരിശോധനോപാധി) ഉണ്ടാക്കുക തൊട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ ഭാഷാന്തരീകരണം വരെ ലോക്കലൈസേഷന്‍റെ പരിധിയില്‍ വരുന്നു. ട്രാന്‍സ്‌ലിറ്ററേഷന്‍ (ലിപ്യന്തരണം?) അടിസ്ഥാനമാക്കി, മലയാളം ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന വരമൊഴിയുടെ സൃഷ്ടിയും ലോക്കലൈസേഷന്‍റെ പരിധിയില്‍ വരും.

ജോബ് സൈറ്റുകള്‍ വിളറിപ്പോവുന്ന തൊഴില്‍ മേഖലകളില്‍ ഒന്നാണ്, ലാംഗ്വേജ് കമ്പ്യൂട്ടിംഗും ഭാഷാപരിജ്ഞാനവും കൈകോര്‍ക്കുന്ന ലോക്കലൈസേഷന്‍ ഭൂമിക. സൈറ്റായ സൈറ്റൊക്കെ പരതിയിട്ടും, ഇണങ്ങുന്ന ഒരു റസ്യൂമെ കണ്ടെടുക്കാന്‍ ലാംഗ്വേജ് കമ്പ്യൂട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ആവുന്നില്ല. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയും ഇതിന് അപവാദമല്ല.

Copy എന്ന പദം ഏതാണ്ടെല്ലാ ആപ്ലിക്കേഷനുകളിലും കാണാം. ക്രിയയായും നാമമായും ഈ ഇംഗ്ലീഷ് പദത്തിന് നിലനില്‍പ്പുണ്ട്. എന്നാലത് മലയാളത്തിലേക്ക് മാറ്റുമ്പോഴോ? "പകര്‍ത്തുക" എന്നും "പകര്‍പ്പ്" എന്നും പറഞ്ഞ് ഒപ്പിക്കാം അല്ലേ? അപ്പോള്‍ Copy and Paste എന്നൊരു സ്ട്രിംഗ് (പദശ്രേണി) ഉപയോക്തൃ സഹായിയില്‍ ഉണ്ടെങ്കില്‍ മൊഴിമാറ്റം എങ്ങിനെ ചെയ്യും? "പകര്‍ത്തി, ഒട്ടിക്കുക" എന്നോ? "പകര്‍ത്തി" എന്നു പറയുമ്പോള്‍ തന്നെ ക്രിയ പൂര്‍ണ്ണമായിക്കഴിഞ്ഞു, പിന്നെ "ഒട്ടിക്കുക" എന്നു പറയുന്നതിന്‍റെ പ്രസക്തി?

അപ്പോള്‍ പിന്നെ "പകര്‍പ്പെടുക്കുക" എന്ന ക്രിയാരൂപമേ നമ്മുടെ മുന്നിലുള്ളൂ. ഇത് ഉപയോഗിച്ചാല്‍ എല്ലാം ഒരുവിധം ശരിയാവുമെന്ന് തോന്നുന്നു. "പകര്‍പ്പെടുക്കുക", "പകര്‍പ്പ്" എന്നിവയില്‍ പ്രാസമുണ്ട്. ഒപ്പം തന്നെ "പകര്‍പ്പെടുത്ത് ഒട്ടിക്കുക" എന്നു പറയുന്നതിന് സ്വാഭാവികതയും ഉണ്ട്.

പദത്തിന്, ആപ്ലിക്കേഷന്‍ അനുവദിച്ചേക്കാവുന്ന നീളം, കണക്കില്‍ എടുക്കാതെയാണ് ഞാന്‍ പ്രശ്നപരിഹാരം ഉണ്ടാക്കിയത്. ഞാനീ ചെയ്തതിനേക്കാള്‍ ഭംഗിയായി, Copy പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നവര്‍ ഏറെയുണ്ട്. അവര്‍ക്കു വേണ്ടിയാണ് ഈ കുറിപ്പ്. ലോക്കലൈസേഷനില്‍ ഹരമുള്ള, മലയാളഭാഷയെ സ്നേഹിക്കുന്ന ബിരുദധാരികള്‍ ആരെങ്കിലും ഇത് വായിക്കുകയാണെങ്കില്‍ എന്നെ ബന്ധപ്പെടുക. അഞ്ചോളം ഒഴിവുകള്‍ ഇപ്പോള്‍ കമ്പനിയിലുണ്ട്.
View more entries
 

View spaceSend a message
Occupation:
Age:
Interests:
ഭാര്യയും (ജെയ്സി) മകളും (ഹരിത) ഞാനും ചേര്‍ന്ന ഒരു മൂന്നംഗ കുടുംബവുമായി ഞാന്‍ മുന്നോട്ട് പോവുന്നു. വീട്ടുകാര്യവും ജോലിക്കാര്യവുംഒഴികെ വേറെയൊന്നിലും എനിക്ക് വലിയ താത്പര്യമില്ല! എന്‍റെ ജീവിതാഭിലാഷം അയര്‍‌ലണ്ടില്‍ കുറച്ചുകാലം താമസിക്കണമെന്നാണ്. ഫേവറൈറ്‍റ് ക്വോട്ട് ഇടക്കിടെ മാറ്‍റാറുണ്ട്! മീരാജാസ്മിന്‍ തനിക്ക് പിറക്കാതെ പോയ മകളാണെന്ന് നമ്മുടെ പ്രിയപ്പെട്ട ലോഹിതദാസ് പറഞ്ഞത് എനിക്ക് ക്ഷ പിടിച്ചു - മധ്യേയിങ്ങനെ കാണുന്ന നേരത്ത്, ഒരു മനുഷ്യന്‍ എന്തൊക്കെ ചെയ്യണമല്ലേ?!
There are no photo albums.
There are no music lists on this space.